This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലേ, കാസിയസ് മാര്‍സെലസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലേ, കാസിയസ് മാര്‍സെലസ്

Clay, Cassius Marcellus (1810 - 1903)

യു.എസ്സിലെ കറുത്തവര്‍ഗക്കാര്‍ അനുഭവിച്ചിരുന്ന അടിമത്തത്തിനെതിരെ പോരാടിയ പ്രക്ഷോഭകാരിയും നയതന്ത്രജ്ഞനും. 1810 ഒ. 19-ന് കെന്റകിയിലെ മാഡിസന്‍ പ്രദേശത്തെ വൈറ്റുഹാള്‍ കുടുംബത്തില്‍ ജനിച്ചു. 1812-ലെ യുദ്ധത്തില്‍ അടിമയായി പിടിക്കപ്പെട്ട ഗ്രീന്‍ക്ലേ എന്ന കെന്റകി ഭടനാണ് പിതാവ്. യേല്‍ സര്‍വകലാശാലയില്‍നിന്ന് 1832-ല്‍ ബിരുദം നേടി. വില്യം ലോഡ് ഗാരിസന്റെ പ്രഭാഷണങ്ങള്‍ ഇദ്ദേഹത്തെ ഒരു പത്രപ്രവര്‍ത്തകനും പ്രക്ഷോഭകാരിയും ആക്കിമാറ്റുന്നതിനു സഹായിച്ചു. 1835, 37, 40 എന്നീ വര്‍ഷങ്ങളില്‍ കെന്റകി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ക്ലേ 1841-ല്‍ പരാജയപ്പെട്ടു. അതിനുശേഷം ഇദ്ദേഹം കൂടുതല്‍ സമയവും അടിമകളുടെ മോചനത്തിനുവേണ്ടി പ്രയത്നിച്ചു. 1844-ല്‍ വിഗ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ഹെന്റി ക്ലേക്കുവേണ്ടി പ്രചാരണ പര്യടനം നടത്തി.

1845 ജൂണ്‍ 3-ന് കെന്റകിയിലെ ലെക്സിങ്ടണ്‍ കേന്ദ്രമാക്കി ക്ലേ പ്രസിദ്ധീകരിച്ച ട്രു അമേരിക്കന്‍ എന്ന വാരിക അടിമകളുടെ സ്വാതന്ത്യ്രത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു. അതുകാരണം ആഗ. 18-ന് ഇദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ പ്രസ്സും വാരികയും ആക്രമിക്കപ്പെട്ടു. അതിനെത്തുടര്‍ന്ന് പ്രസിദ്ധീകരണം ഓഹായോയിലെ സിന്‍സിന്നറ്റിയിലേക്കും പിന്നീട് കെന്റകിയിലെ ലൂയിസ് വില്ലയിലേക്കും മാറ്റേണ്ടിവന്നു. കൂടാതെ വാരികയുടെ പേര് എക്സാമിനര്‍ എന്നാക്കുകയും ചെയ്തു.

1847-ലെ മെക്സിക്കന്‍ യുദ്ധത്തില്‍ ക്ലേ ബന്ധനസ്ഥനായി. 1848-ലെ തിരഞ്ഞെടുപ്പില്‍ സാക്കറി ടെയ്ലര്‍ എന്നയാളിനുവേണ്ടി പ്രചാരണപര്യടനം നടത്തി. 1851-ല്‍ ഇദ്ദേഹം കെന്റകിയിലെ ഗവര്‍ണര്‍ പദവിയിലേക്കു മത്സരിച്ച് പരാജയപ്പെട്ടു. 1854-ല്‍ ആരംഭിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാപക-അംഗങ്ങളില്‍ ഒരാളായിരുന്നു ഇദ്ദേഹം. 1862-ലും 1863-69 കാലത്തും ക്ലേ എബ്രഹാംലിങ്കന്റെ പ്രതിപുരുഷനായി റഷ്യയില്‍ സേവനമനുഷ്ഠിച്ചു. അത്, റഷ്യന്‍ സൗഹൃദം നിലനിര്‍ത്തുന്നതിനും അലാസ്കാ വാങ്ങുന്നതിനും സഹായകമായിത്തീര്‍ന്നു. 1872-ല്‍ പ്രസിഡന്റു തിരഞ്ഞെടുപ്പു വന്നപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നു താത്കാലികമായി പിരിഞ്ഞു. പിന്നീട് പാര്‍ട്ടിയിലേക്കു തിരിച്ചുവന്ന് 1884-ല്‍ ജെംസ് ജി. ബ്ളേമിനെ പിന്താങ്ങി. അവസാനകാലം ജന്മദേശത്ത് കഴിഞ്ഞുകൂടി. ചിത്തഭ്രമം പിടിപെട്ട് 1903 ജൂല. 22-ന് ക്ലേ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍